ആയഞ്ചേരി; ഓണം അവധിക്ക് വീട്ടിലേക്ക് പുറപ്പെട്ട വിദ്യാർത്ഥിയുടെ മരണ വാര്‍ത്ത ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. പാലക്കാട്ട് ബസ് മറിഞ്ഞ് മരിച്ച മുഹമ്മദ് ഇഹ്‌സാന്റെ മരണ വിവരമറിഞ്ഞ് നിരവധി ആളുകളാണ് വീട്ടിലേക്ക് എത്തിയത്. ഇന്ന് രാവിലെയോടെ വീട്ടിലെത്തുമെന്നാണ് ഇഹ്‌സാൻ അറിയിച്ചിരുന്നത്.
ചെന്നൈയില്‍ നിന്ന് മറ്റ് കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് തിരിച്ചതായിരുന്നു എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇഹ്സാൻ. വടകര ആയഞ്ചേരി കാമിച്ചേരി കുരുട്ടിപ്രം മൊയ്തു-ഹാജറ ദമ്പതികളുടെ മകനാണ്. ഇഹ്‌സാൻ ഉള്‍പ്പെടെ മുപ്പതോളം പേര്‍ യാത്ര ചെയ്ത ബസാണ് പാലക്കാട് തിരുവാഴിയോട് നിയന്ത്രണം വിട്ട് കീഴ്‌മേല്‍ മറിഞ്ഞത്. തുടര്‍ന്ന് ബസിനടിയിലായവരെ ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് പുറത്തെടുത്തത്.
ട്രെയിനിന് ടിക്കറ്റ് കിട്ടാതായതോടെയാണ് ഇഹ്‌സാൻ ബസിന് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയ വിദ്യാര്‍ഥിയായിരുന്നു ഇഹ്‌സാൻ. നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ഇഹ്‌സാന്റെ സഹോദരന്‍ ഐസാം രോഗത്തെ തുടര്‍ന്ന് നേരത്തെ മരിച്ചിരുന്നു. ഇഹ്സാന്റെ വേര്‍പാട് കുടുംബത്തെയും നാടിനേയും തളര്‍ത്തിയിരിക്കുകയാണ്.
Post a Comment